ആറന്മുള: ഉതൃട്ടാതി വള്ളംകളിയ്ക്ക് മുന്നോടിയായി 52 പള്ളിയോടകരകളെ കേന്ദ്രീകരിച്ച് വഞ്ചിപ്പാട്ട് പരിശീലന പഠന കളരി ആരംഭിച്ചു. മധ്യ, കിഴക്കൻ മേഖലാതല ഉദ്ഘാടനം നടന്നു. പള്ളിയോട സേവാസംഘവും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് വഞ്ചിപ്പാട്ട് പരിശീലന കളരി സംഘടിപ്പിക്കുന്നത്
മധ്യ മേഖല വഞ്ചിപ്പാട്ട് പഠനക്കളരി ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു .പള്ളിയോടം സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ എസ് സുരേഷ്, പ്രസാദ് വേരുങ്കൽ, സതിദേവി, രഘുനാഥ് കോയിപ്പുറം, പാർത്ഥസാരഥി ആർ.പിള്ള, മുരളി ജീ പിള്ള, ഗോപകുമാർ മാലക്കര, വിജയകുമാർ ഇടയാറൻമുള, ശശി കണ്ണങ്കേരി എന്നിവർ പ്രസംഗിച്ചു.
19 പള്ളിയോട കരകളിൽ നിന്നായി 195 കുട്ടികൾ പഠനകളരിയിൽ പങ്കെടുത്തു. ആചാര്യന്മാരായ മധുസൂദനൻ പിള്ള, വിനീത് മാലക്കര, വിജയൻ നായർ, ഉണ്ണികൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി. മൂന്നു മേഖലകളിലെയും സമാപനസമ്മേളനം ജൂലൈ 16 ന് രാവിലെ 10 മണിക്ക് ആറന്മുള പാഞ്ചജന്യത്തിൽ നടക്കും