കോട്ടയം : നഗരമധ്യത്തിൽ ജോയിസ് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വടിവാളുമായി ലഹരി മരുന്ന് കച്ചവടം നടത്തിയ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. കഞ്ചാവ് വിൽപ്പന അടക്കമുള്ള കേസുകളിൽ പ്രതിയായ വേളൂർ കാരാപ്പുഴ വാഴപ്പറമ്പ് വീട്ടിൽ ആ്ദർശ് വി.ബി (27)യെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്നും 0.7 ഗ്രാം മൈത്ത ഫിറ്റാമെന്നും, എട്ട് ഗ്രാം കഞ്ചാവും, 63 സെന്റിമീറ്റർ നീളമുള്ള വടിവാളും കണ്ടെത്തിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് കോട്ടയം നഗരമധ്യത്തിൽ ജോയിസ് ബാറിൽ ആദർശ് അടങ്ങുന്ന സംഘം സെക്യൂരിറ്റി ജീവനക്കാരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ആദർശിനെ കോടതി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് പ്രതി കഞ്ചാവും ലഹരി വിൽപ്പനയും അടക്കം നടത്തിയിരുന്നത്.
ലഹരി വിരുദ്ധ നടപടികളുടെ ഭാഗമായി എക്‌സൈസ് സംഘം ജില്ലയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എക്‌സൈസ് സംഘം കാരാപ്പുഴ ഭാഗത്ത് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് പ്രതിയായ ആദർശിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






