ആലപ്പുഴ : കുടിവെള്ള ടാങ്കില്‍ അതിക്രമിച്ച് കയറി കുളിച്ചതിൽ മൂന്ന് യുവാക്കളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. പള്ളിപ്പുറത്തെ കെഡബ്ല്യുഎ( കേരള വാട്ടര്‍ അതോറിറ്റി) യുടെ 24 മീറ്റര്‍ ഉയരത്തിലുള്ള കുടിവെള്ള ടാങ്കിലാണ് യുവാക്കള്‍ അതിക്രമിച്ചു കയറി കുളിച്ചത്.
ശനിയാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. ചേർത്തല സ്വദേശികളായ കളരിത്തറ വീട്ടില്‍ ജയരാജ്(27), പുത്തന്‍ നികത്തില്‍ അതുല്‍ കൃഷ്ണ(27), മണ്ണാറംകാട് വീട്ടില്‍ യദുകൃഷ്ണന്‍(25) എന്നിവരാണ് 24 മീറ്റര്‍ ഉയരമുള്ള വാട്ടര്‍ ടാങ്കില്‍ അനധികൃതമായി കയറിയത്. വിവരം നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്.
പൊലീസെത്തി യുവാക്കളെ താഴെയിറക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ടാങ്ക് മലിനമായതിനാല്‍ ടാങ്കിലെ വെള്ളം മുഴുവന്‍ അധികൃതര്‍ വറ്റിച്ചു. ഇതേത്തുടര്‍ന്ന് പള്ളിപ്പുറം പഞ്ചായത്തിന്റെ ചില ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ടു.
ടാങ്കിന് 16 ലക്ഷം ലിറ്റര്‍ വെള്ളം കൊണ്ടുപോകാനുള്ള ശേഷിയുണ്ട്. സംഭവത്തെത്തുടര്‍ന്ന് 50,0000ത്തിലധികം ആളുകളുടെ കുടിവെള്ള വിതരണം രണ്ട് ദിവസത്തേയ്ക്ക് തടസപ്പെട്ടു. പ്രാഥമിക കണക്കനുസരിച്ച് കെഡബ്ല്യുഎയ്ക്ക് 1.4 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ജല അതോറിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു.