തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം എസ് എൻ ഡി പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംയുക്തമായി ഏഴിന് നടത്തും. ഉച്ചയ്ക്കുശേഷം രണ്ടിന് ഗുരുദേവ ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ അദ്ധ്യക്ഷത വഹിക്കും.
തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി സ്വാഗതവും സ്വാഗതസംഘം കൺവീനർ അഡ്വ. അനീഷ് വി.എസ് നന്ദിയും പറയും. നഗരസഭാദ്ധ്യക്ഷ അനു ജോർജ്, മുൻസിപ്പൽ കൗൺസിലർ ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിക്കും.
വൈകിട്ട് 4.30ന് തിരുമൂലപുരം എസ്.എൻ.വി.എസ് സ്‌കൂളിൽ നടക്കുന്ന സമാപനസമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിക്കും. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യാതിഥിയാകും. സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.
ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ എന്നിവർ ജയന്തിസന്ദേശം നൽകും. വിധവാ പെൻഷൻ വിതരണം എസ്.രവീന്ദ്രൻ എഴുമറ്റൂർ നിർവഹിക്കും.