ന്യൂഡൽഹി : ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു .ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു ദുരന്തം. മഹാകുംഭമേളയ്‌ക്ക് പോകാനെത്തിയ തീർത്ഥാടകരാണ് മരിച്ചവരിൽ അധികവും. ഒൻപത് സ്ത്രീകളും അഞ്ച് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. പരുക്കേറ്റ ഒട്ടേറെ പേരെ ആശുപത്രികളിൽ എത്തിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലേക്കുള്ള പ്രത്യേക ട്രെയിൻ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയതിന് പിന്നാലെയാണ് അപകടം ഉണ്ടായത് .
നേരത്തെ നിശ്ചയിച്ചിരുന്ന പ്ലാറ്റ്ഫോമിൽ നിന്ന് മാറി മറ്റൊരു പ്ലാറ്റ്ഫോമിലാണ് ട്രെയിൻ എത്തുകയെന്ന് അറിയിപ്പ് വന്നതോടെ ജനക്കൂട്ടം ഇരുവശത്തുനിന്നും വന്നതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പ്ലാറ്റ്ഫോമിലും എസ്കലേറ്ററിലുമായി നിരവധി പേർ ചതഞ്ഞരഞ്ഞു. അപകടത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി . സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് റെയിൽവേ അറിയിച്ചു.