പാരീസ് : ഒളിമ്പിക്സിനു പിന്നാലെ പാരാലിംപിക്സിന് പാരിസിൽ തുടക്കമായി. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് പാരാലിംപിക്സിന് തുടക്കമായത്. ഉദ്ഘാടനത്തിന് മുന്നോടിയായി ഇതിഹാസതാരം ജാക്കി ചാന്‍ ദീപശിഖയേന്തി. രാത്രി 11.30ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് പുലര്‍ച്ചെ രണ്ടരവരെ നീണ്ടു. ഒളിംപിക്സിനു സമാനമായി പാരാലിംപിക്സ് ഉദ്ഘാടനച്ചടങ്ങും നഗരമധ്യത്തിലായാണ് സംഘടിപ്പിച്ചത്.
സ്റ്റേഡിയത്തിനു പുറത്ത് പ്രത്യേകമൊരുക്കിയ വീഥിയിലാണ് രാജ്യങ്ങളുടെ പരേഡ് നടന്നത്. ജാവലിന്‍ താരം സുമിത് ആന്റില്‍, വനിതാ ഷോട്ട്പുട്ടര്‍ ഭാഗ്യശ്രീ ജാദവ് തുടങ്ങിയവരാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത്. സെപ്റ്റംബര്‍ എട്ടുവരെ നീളുന്ന ഗെയിംസില്‍ 22 ഇനങ്ങളിലായി 4400 അത്‌ലറ്റുകൾ പങ്കെടുക്കും. 84 പേരാണ് ഇന്ത്യന്‍ ടീമില്‍ ഉള്ളത്.