തിരുവനന്തപുരം : 2047 ൽ ഇന്ത്യ വികസിത രാജ്യമാകണമെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക ശക്തി ജനങ്ങളിലേക്കും എത്തണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. തിരുവനന്തപുരത്ത് കഴക്കൂട്ടം നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമണിൽ (ആർ ഡി എസ് ഡി ഇ കേരള & ലക്ഷദ്വീപ്) പി എം വിശ്വകർമ്മ പദ്ധതി നടപ്പിലാക്കിയതിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് 20 ലക്ഷം പേർ പി എം വിശ്വകർമ്മ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 13000 കോടി രൂപയാണ് അഞ്ച് വർഷത്തേക്ക് ഈ പദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്നത്.ഈ പണം ബോധപൂർവം ഉപയോഗിച്ച് ഉത്പാദനം കൂട്ടണം എന്നതാണ് ഗുണഭോക്താകളോട് രാജ്യം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ വാർധയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ദേശീയ പി.എം വിശ്വകർമ്മ പരിപാടിയുടെ തത്സമയ പ്രദർശവും വേദിയിൽ നടന്നു.
കേരളത്തിൽ 18,696 പേരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1610 പേർക്ക് പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിച്ചു. 523 ലോണുകൾ അനുവദിച്ചത്തിലൂടെ 5.07 കോടി രൂപ ഗുണഭോക്താകൾക്ക് വിതരണം ചെയ്തിട്ടുണ്ട്.