കോട്ടയം : റബർ ബോർഡിൻറെ അഭിമാന സ്ഥാപനമായ മുക്കട സെൻട്രൽ റബർ നഴ്സറി ഭൂമി ഏറ്റെടുത്ത് വ്യവസായ പാർക്ക് ആക്കാനുള്ള സംസ്ഥാനസർക്കാർ നീക്കം റദ്ദാക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് റബർ ബോർഡ് അംഗം എൻ.ഹരി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു. സംസ്ഥാന സർക്കാരിൻറെ ഈ ഏകപക്ഷീയ നടപടി റബർ കർഷകർക്കും റബർ മേഖലയ്ക്കും കനത്ത തിരിച്ചടിയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി കേരളത്തിലെ റബർ കൃഷിയുടെ നട്ടെല്ല് ആണ് കേന്ദ്ര റബർ നഴ്സറി. അത്യുൽപാദനശേഷിയും ഗുണമേന്മയുമുള്ള റബ്ബർ കൃഷി വ്യാപനത്തിനും ഗവേഷണത്തിനും ഈ സ്ഥാപനം നൽകുന്ന സംഭാവനകൾ ഏറെയാണ് . റബർ നഴ്സറികൾ തുടങ്ങുന്നവർക്കുള്ള മികച്ച പരിശീലന കേന്ദ്രം കൂടിയാണ് സ്ഥാപനം. 10000 ത്തിലധികം റബർ ഉൽപാദകർ പ്രധാനമായും ആശ്രയിക്കുന്നത് ഈ റബർ നഴ്സറിയെ ആണ്. കേരളത്തിന് പുറമേ കർണാടകത്തിലും പരമ്പരാഗത കൃഷി മേഖലയ്ക്ക് പുറത്തും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ള കർഷകർക്കും നഴ്സറി പ്രയോജനം ലഭിക്കുന്നു.
വലിയൊരു ജനവിഭാഗത്തിന് പ്രത്യേകിച്ച് പട്ടിക വിഭാഗങ്ങളിൽപ്പെട്ട അടിസ്ഥാനജനങ്ങൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനം കൂടിയാണ് . നഴ്സറിയിലെ ജീവനക്കാരിൽ 85% ലധികം തദ്ദേശീയരായ ഈ ജനവിഭാഗമാണ്.
റബ്ബർ ബോർഡിൻ്റെ ഈ അഭിമാനസ്ഥാപനം മറ്റാവശ്യങ്ങൾക്കായി മാറ്റുന്നതിനുള്ള ഏത് നടപടിയും റബ്ബർ കർഷക സമൂഹത്തിനും രാജ്യത്തെ ഗവേഷണപ്രവർത്തനങ്ങൾക്കും വൻ നഷ്ടമുണ്ടാക്കും. അതിനാൽ സംസ്ഥാന സർക്കാർ ഈ നീക്കത്തിൽ നിന്നും പിന്തിരിയണമെന്നും എൻ .ഹരി ആവശ്യപ്പെട്ടു