ന്യൂഡൽഹി : ഇന്ത്യയുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന യാതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യ മാലദ്വീപിന്റെ അടുത്ത സുഹൃത്തും പങ്കാളിയുമാണെന്ന് പറഞ്ഞ മുയിസു പ്രാദേശിക സ്ഥിരത ഉറപ്പാക്കുമെന്നും ഇന്ത്യയുമായി ശക്തമായ നയതന്ത്രബന്ധം തുടരുമെന്നും അറിയിച്ചു .നാലുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മുഹമ്മദ് മുയിസു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ മുയിസു ഇന്നു പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും ചർച്ച നടത്തും.ഇന്ത്യയുമായുള്ള സഹകരണം വീണ്ടും ഉറപ്പിക്കാനുള്ള മാലദ്വീപിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് മുയിസുവിന്റെ ഇന്ത്യ സന്ദർശനം.