പത്തനംതിട്ട: കണ്ണൂരിൽ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ എഡിഎം എം.കെ.നവീൻ ബാബുവിന്റെ മൃതദേഹം സ്വദേശമായ പത്തനംതിട്ടയിൽ എത്തിച്ചു. നാളെ ഉച്ചയോടെ മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇന്ന് പുലർച്ചെയോടെയാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം കണ്ണൂർ, കാസർകോട് ജില്ലാ കലക്ടർമാരുടെ സാന്നിധ്യത്തിൽ ബന്ധുക്കൾക്ക് കൈമാറിയത്. തുടർന്ന് ഇന്ന് ഉച്ചയോടെയാണ് മൃതദേഹം പത്തനംതിട്ടയിലെത്തിച്ചത്. കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ, നവീന്റെ സഹോദരൻ പ്രവീൺ ബാബു എന്നിവർ മൃതദേഹത്തെ അനുഗമിച്ചു.
പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് നവീൻ ബാബുവിന്റെ മൃതദേഹം എത്തിച്ചത്. മൃതദേഹം കൊണ്ടുവരുന്നുമെന്നറിഞ്ഞ് ബന്ധുക്കളും സഹപ്രവർത്തകരും നാട്ടുകാരുമടക്കമുള്ളവർ ആശുപത്രിയിൽ തടിച്ചുകൂടിയിരുന്നു. വ്യാഴം രാവിലെ 10ന് പത്തനംതിട്ട കലക്ടറേറ്റിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും. ഉച്ചയ്ക്ക് ശേഷം മലയാലപ്പുഴയിലെ വീട്ടിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.
ബുധനാഴ്ച രാവിലെയാണ് കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്കാണ് നവീൻ ബാബു സ്ഥലം മാറിപ്പോകുന്നത് ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേൽക്കാനിരിക്കെയാണ് മരണം.