തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയായാണ് കേരളാ പോലീസ് പൊതുവേ അംഗീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ കേരളാ പോലീസിന്റെ 68-ാ മത് രൂപീകരണ വാർഷികദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനവും 2024ലെ മികച്ച സേവനം നടത്തിയ 264 പോലീസ് ഉദ്യോഗസ്ഥർക്കുള്ള മെഡലുകളുടെ വിതരണവും നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആർക്കും ഏത് സമയവും ആശ്രയിക്കാവുന്ന, പ്രശ്നപരിഹാരത്തിനായി നിർഭയമായി കടന്നുചെല്ലാവുന്ന ഇടമായി കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ മാറി. ഭൂരിപക്ഷം പോലീസ് സ്റ്റേഷനുകളും വനിതാ – വയോജന – ശിശുസൗഹൃദമായി. ഇന്റർനെറ്റും ഫൈബർ കണക്ടിവിറ്റിയും ഇല്ലാത്ത ഒറ്റ പോലീസ് സ്റ്റേഷനും നിലവിൽ കേരളത്തിലില്ല.
ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യന്നതിനുള്ള വെബ് പേർട്ടലിൽ ഈ വർഷം സെപ്റ്റംബർ 30 വരെ 31,107 പരാതികളാണ് ലഭിച്ചത്. തട്ടിപ്പുകാർ അപഹരിച്ച തുകയിൽ 79.81 കോടി രൂപ തിരിച്ചുപിടിക്കാൻ കഴിഞ്ഞുവെന്നും തട്ടിപ്പിനായി ഉപയോഗിച്ചുവന്ന 32,807 അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഗ്രൗണ്ടിൽ നടന്ന പോലീസ് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. കേരള പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹേബും മറ്റു ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.