ആലപ്പുഴ : ആലപ്പുഴ അരൂക്കുറ്റിയിൽ കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. സംഭവത്തിൽ ഭാര്യാ പിതാവും സഹോദരനും അറസ്റ്റിൽ .അരൂക്കുറ്റി പഞ്ചായത്ത് വടുതലജെട്ടി ചക്കാല നികർത്തിൽ വാടകക്ക് താമസിക്കുന്ന റിയാസ് (36) ആണ് മരിച്ചത്. ഭാര്യാ സഹോദരൻ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അരങ്കശേരി റനീഷ് , പിതാവ് നാസർ എന്നിവരെ പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
മരിച്ച റിയാസ് ഭാര്യ റനീഷയെ പതിവായി മർദ്ദിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ രാത്രിയും വഴക്കും മർദനവും ഉണ്ടായിരുന്നു.തുടർന്ന് റിയാസ് സുഹൃത്ത് നിബുവിന്റെ വീട്ടിലെത്തി. ഇവിടെവെച്ച് നാസറും റെനീഷും മർദനം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.