കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമിച്ച തടവുകാർക്കുള്ള സെൽ വാർഡിന്റെ ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൽ ജില്ലാ-സെഷൻസ് ജഡ്ജി എം. മനോജ് നിർവഹിച്ചു. റിമാൻഡിലാകുന്ന തടവുകാരെയും ചികിത്സാ ആവശ്യങ്ങൾക്കായി മറ്റു ജയിലുകളിൽ നിന്ന് കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന തടവുകാരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുമ്പോൾ ചികിത്സിക്കുന്നതിനാണ് അത്യാഹിത വിഭാഗത്തിൽ സെൽ വാർഡ് നിർമിച്ചത്.
പൊതുജനങ്ങൾക്കുള്ള വാർഡുകളിൽ ചികിത്സ നൽകിയിരുന്നത് ഒഴിവാക്കാനാണിത്. സുരക്ഷാസൗകര്യങ്ങളോടു കൂടിയാണ് നിർമാണം.അഞ്ചു പ്രതികളെ ഒരേ സമയം അഡ്മിറ്റ് ചെയ്ത് ചികിത്സ നൽകാൻ കഴിയും. രണ്ടു സെൽ മുറികളോടു കൂടിയ വാർഡിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കാൻ കഴിയും. നിയമം, ആരോഗ്യം, പൊലീസ്, ജയിൽ വകുപ്പുകൾ സംയുക്തമായാണ് സെൽ നിർമിച്ചത്.