തിരുവനന്തപുരം : തന്റെ കൃതികളിലൂടെ സർഗാത്മകതകൊണ്ട് ഭാവുകത്വ പരിണാമം തീർത്ത എഴുത്തുകാരനാണ് എൻ.എസ് മാധവനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ് മാധവന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഔദ്യോഗിക ജീവിതത്തിലും സാഹിത്യത്തിന്റെകൈത്തിരി എൻ.എസ്. മാധവൻ കെടാതെ സൂക്ഷിച്ചു. നവീന കഥയുടെ ഉണർവും ഊർജവും അദ്ദേഹത്തിന്റെ എഴുത്തുകളിൽ പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രശസ്തി പത്രം വായിച്ചു. ആന്റണി രാജു എം എൽ എ ആശംസകളർപ്പിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ സ്വാഗതവും കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ നന്ദിയും അറിയിച്ചു.