കോട്ടയം : ഏറ്റുമാനൂരിൽ സംഘർഷത്തിനിടെ അക്രമിയുടെ മർദനമേറ്റ് പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മാഞ്ഞൂർ സൗത്ത് നീണ്ടൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ഏറ്റുമാനൂർ കാരിത്താസ് ജംക്‌ഷനിലെ ഹോട്ടലിനു സമീപമുള്ള തട്ടുകടയിൽ ആയിരുന്നു സംഭവം. സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് പിടിയിലായി .
നിരവധി കേസുകളിൽ പ്രതിയായ ഇയാൾ തട്ടുകടയിൽ സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്ത് തട്ടുകടയിൽ എത്തിയ ശ്യാം പ്രസാദ് അക്രമം ചോദ്യം ചെയ്തു. ശ്യാമിനെ മർദ്ദിച്ച പ്രതി നെഞ്ചിൽ ചവിട്ടുകയും ചെയ്തു. പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എസ് ഷിജി സ്ഥലത്ത് എത്തി പ്രതിയെ പിടികൂടി.ശ്യാമിനെ പൊലീസ് കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ നാലുമണിയോടെ മരിക്കുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാം പ്രസാദ്.