ആലപ്പുഴ: ചേർത്തലയുടെ തീരദേശത്ത് നിന്നും തിരുവനന്തപുരത്തേക്ക് രാവിലെ യാത്ര ചെയ്യുന്നവർക്കും തീർത്ഥാടകർക്കും ആശ്വാസമായി കെഎസ്ആർടിസിയുടെ പുതിയ സൂപ്പർഫാസ്റ്റ് ബസ് സർവീസ്.
അർത്തുങ്കൽ പള്ളിയിൽ നിന്നും ആരംഭിച്ച് തെക്കൻ കേരളത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നെയ്യാറ്റിൻകര വ്ളാത്താങ്കര പള്ളിയിൽ അവസാനിക്കുന്ന ബസ് സർവീസ് അർത്തുങ്കൽ പള്ളി അങ്കണത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു.
പ്രദേശത്തുനിന്ന് മുൻപുണ്ടായിരുന്ന തിരുവനന്തപുരം സർവീസ് കോവിഡിന് ശേഷം മുടങ്ങിയിരുന്നു. ഇതുമൂലം തീരദേശവാസികൾ ഉൾപ്പെടെ അനുഭവിക്കുന്ന യാത്രാ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി മന്ത്രി പി പ്രസാദ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സർവീസ് ആരംഭിച്ചത്.
ദിവസവും രാവിലെ ആറ് മണിക്ക് അർത്തുങ്കലിൽ നിന്ന് ആരംഭിച്ച് പൂങ്കാവ്, തുമ്പോളി, ആലപ്പുഴ, തിരുവനന്തപുരം, നെയ്യാറ്റിൻകര വഴി വ്ളാത്താങ്കര പള്ളിയിലേക്കും തിരികെ ഉച്ചകഴിഞ്ഞ് 2.40ന് അർത്തുങ്കലിലേക്കുമാണ് സർവീസ്. തെക്കൻ ഭാഗത്തേക്കും ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും പോകുന്ന തീരദേശവാസികൾക്കും
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കുന്നവർക്കും സർവീസ് പ്രയോജനപ്പെടും.
ചടങ്ങിൽ അർത്തുങ്കൽ ബസിലിക്ക റെക്ടർ ഡോ. ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ, കെ പി മോഹനൻ, ചേർത്തല കെഎസ്ആർടിസി എടിഒ ഇൻചാർജ് സാജൻ തുടങ്ങിയവർ പങ്കെടുത്തു.