കോഴഞ്ചേരി : രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പോലീസ് ഡാൻസാഫ് ടീമും കോയിപ്രം പോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ രണ്ട് കിലോയിലധികം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ
കോയിപ്രം കരിയിലമുക്ക് ചെറുതിട്ട വീട്ടിൽ സി. ബി. പ്രസന്നൻ (52) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തെതുടർന്നാണ് പ്രതി കഞ്ചാവുമായി കുടുങ്ങിയത്.
പ്രതിയുടെ കൈവശത്തുനിന്നും കവറിലാക്കി വച്ച നിലയിൽ 30 ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെതുടർന്ന്, വിശദമായ ചോദ്യം ചെയ്യലിൽ വീട്ടിനുള്ളിൽ കൂടുതൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ട് എന്ന് പോലീസിന് ബോധ്യപ്പെട്ടു. വീട് പരിശോധിച്ചപ്പോൾ അടുക്കളയിൽ ഗ്യാസ് സിലിണ്ടർ ഇരുന്ന ഭാഗത്തുനിന്നും 20 ഓളം ചെറുപൊതികളും രണ്ട് കിലോ തൂക്കം വരുന്ന കഞ്ചാവിന്റെ പൊതിയും കണ്ടെത്തി.
വിൽപ്പനക്കായി സൂക്ഷിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. കോയിപ്രം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. റെയ്‌ഡിന് കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാർ നേതൃത്വം നൽകി.