ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ലഷ്കർ ഇ ത്വയ്ബയുടെ കമാൻഡർ സൈഫുള്ള കസൂരി.പാകിസ്ഥാനിൽ നിന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്. ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ഭീകരാക്രമണം നടത്തിയത്. ഭീകരർ രണ്ടു സംഘമായി തിരിഞ്ഞ് എകെ 47 തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.പേരും മതവും ചോദിച്ചതിന് ശേഷമായിരുന്നു ആക്രമണം. സൈനിക വേഷത്തിലാണ് ഭീകരർ സ്ഥലത്തെത്തിയത്. ലഷ്കർ ഇ ത്വയ്ബയുടെ പ്രാദേശിക ഭീകരസംഘടനയായ ദി റെസിസ്റ്റർസ് ഫ്രണ്ടിലെ ഭീകരരാണ് ആക്രമണം നടത്തിയത്.അതേസമയം ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്താൻ അറിയിച്ചു.
ആക്രമണത്തിൽ മരിച്ച എറണാകുളം ഇടപ്പള്ളി സ്വദേശിയായ മങ്ങാട്ട് നീരാഞ്ജനത്തിൽ എൻ.രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും .രാമചന്ദ്രനും കുടുംബവും കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിലേക്കും അവിടെ നിന്ന് കശ്മീരിലേക്കും യാത്ര പോയത്.മകൾ ആരതിക്കു മുന്നിൽ വെച്ചാണ് രാമചന്ദ്രന്റെ തലയ്ക്കുനേരേ തോക്ക് ചൂണ്ടിയതും വെടിവെച്ചതും. ശ്രീനഗർ പൊലീസ് ആസ്ഥാനത്ത് എത്തിച്ച മൃതദേഹങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്ത്യാഞ്ജലി അർപ്പിച്ചു .
പരിക്കേറ്റ 17 പേരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.അതേസമയം ബാരാമുള്ളയിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ അടിയന്തര യോഗം ചേർന്നു. ജമ്മു കശ്മീരിലെ ഭീകരാക്രണത്തിന് പിന്നാലെ ഡല്‍ഹി, മുംബൈ, ജയ്പുര്‍, അമൃത്സര്‍ തുടങ്ങി വിവിധ നഗരങ്ങളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.