കൊച്ചി : കലാഭവൻ ഗ്രൂപ്പിലെ മിമിക്രി കലാകാരനും നടനുമായിരുന്ന കലാഭവൻ നവാസ് (51) അന്തരിച്ചു. ഷൂട്ടിങ് കഴിഞ്ഞ് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റൂംബോയിയാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.
മിനിസ്‌ക്രീനിലും സിനിമയിലും ഒരുപോലെ സജീവമായിരുന്ന അദ്ദേഹം, നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മിമിക്രി വേദികളിലൂടെയാണ് അദ്ദേഹം കലാരംഗത്തേക്ക് കടന്നുവന്നത്.
1995 ൽ ചൈതന്യം എന്ന ചിത്രലൂടെ സിനിമാ ലോകത്തേക്ക് പ്രവേശിച്ച നവാസ് താൻ കടന്നു വന്ന മിമിക്രി ട്രൂപ്പായ കലാഭവൻ എന്ന സ്ഥാപനത്തിൻ്റെ പേര് സ്വീകരിച്ച് കലാഭവൻ നവാസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. മിമിക്രിയിൽ തന്നെ വ്യത്യസ്തമായ ശൈലി ഇദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. നടി രഹ്‌നയാണ് ഭാര്യ. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.