തിരുവല്ല : സാമ്പത്തിക കാര്യങ്ങളിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുള്ള വിരോധത്താൽ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ജ്യേഷ്ഠനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുന്നന്താനം കവിയൂർ തോട്ടത്തിൽ വീട്ടിൽ ജോമി ടി ഈപ്പൻ (38) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം, ജിബിൻ ടി ഈപ്പനാണ് പരിക്കേറ്റത്.
ഇയാളുടെ ഭാര്യ അന്നാ റോസിന്റെ മൊഴിപ്രകാരമാണ് തിരുവല്ല പോലീസ് കേസെടുത്തത്. പ്രതി ജോമിയും ഇവർക്കൊപ്പം ഈ വീട്ടിൽ ഒരുമിച്ച് താമസിക്കുകയാണ്. ജോമിയുടെയും ജിബിന്റെയും അമ്മയും ഒപ്പമുണ്ട്. വാക്കുതർക്കത്തെ തുടർന്ന് ജിബിനെ വീട്ടിലിരുന്ന പിച്ചാത്തിയെടുത്ത് ജോമി തലയ്ക്ക് വെട്ടുകയായിരുന്നു. ഒഴിഞ്ഞു മാറിയപ്പോൾ വെട്ട് ഇടതു ചെവിയിൽ കൊണ്ട് മുറിഞ്ഞു. കഴുത്തിനുള്ള അടുത്തവെട്ട് ഇടതു കൈകൊണ്ട് തടഞ്ഞപ്പോൾ ഇടതു കൈപ്പത്തിയിൽ ആഴത്തിൽ മുറിവേറ്റു.
കേസെടുത്ത തിരുവല്ല പോലീസ്, എസ് എച്ച് ഒ എസ് സന്തോഷിന്റെ നിർദ്ദേശപ്രകാരം, എസ് ഐ ജി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ച പിച്ചാത്തി കണ്ടെടുത്തു.
ഗുരുതരമായി പരിക്കുപറ്റിയ ജിബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.