ചങ്ങനാശ്ശേരി : മനക്കച്ചിറ കോണ്ടൂർ റിസോർട്ടിന് സമീപം എസി റോഡിൽ നിയന്ത്രണം വിട്ട കാർ വാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. വ്യാഴാഴ്‌ച രാത്രി 9.30 ഓടെയാണ് സംഭവം. പെരുന്ന ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ആലപ്പുഴ ഭാഗത്തുനിന്നും വന്ന കാറാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ആലപ്പുഴയ്ക്ക് പോകുന്ന കാർ തലകീഴായി മറിഞ്ഞു. അപകടശേഷം നിർത്താതെ പോയ കാർ മറ്റൊരു ബൈക്കിലുമിടിച്ചു.തുടർന്ന് മുന്നോട്ടു നീങ്ങിയെങ്കിലും 100 മീറ്ററകലെ കോണ്ടൂർ റിസോർട്ടിനു മുന്നിൽ തനിയെ നിന്നു. അപകടത്തിനിടയാക്കിയ കാറിന്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്.
എറണാകുളം രജിസ്ട്രേഷനിലുള്ള കാറിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതരമായ പരിക്കേറ്റ സ്‌കൂട്ടർ യാത്രികനെ നാട്ടുകാരെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.