ആലപ്പുഴ : സ്വതന്ത്രമായി ചിന്തിക്കാൻ വിദ്യാർഥികളെ പഠിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ അംഗം സിസിലി ജോസഫ് പറഞ്ഞു. സംസ്ഥാനത്തെ ഹൈസ്കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ നൽകുന്ന രണ്ടാംഘട്ട ഏകദിന പരിശീലനം പുന്നപ്ര വടക്ക് പഞ്ചായത്ത് ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമ്മിഷൻ അംഗം.
അധ്യാപകർ തലമുറകളുടെ മാറ്റം മനസിലാക്കി വിദ്യാർഥികളെ ചേർത്തു പിടിക്കണം. കുട്ടികളുടെ രണ്ടാം വീടാണ് വിദ്യാലയങ്ങൾ. അവരുടെ മാനസികാരോഗ്യം, സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവ മനസ്സിലാക്കി സ്കൂളിൽ വരാൻ താൽപ്പര്യമുണ്ടാക്കുന്ന അന്തരീക്ഷം അധ്യാപകർ സൃഷ്ടിക്കണം.
പഴയ കാലത്ത് അറിവ് വിദ്യാലയങ്ങളിൽ നിന്നും മാത്രമാണ് ലഭിച്ചിരുന്നതെങ്കിൽ ഇന്ന് അറിവ് എവിടെനിന്നും ലഭിക്കുന്ന നിലയിലേക്ക് സംവിധാനങ്ങൾ വളർന്നു കഴിഞ്ഞു. ഇതിനനുസരിച്ച് അധ്യാപകർ പരിഷ്‌കരിക്കപ്പെടണം. കുട്ടികൾക്കായി ബാലാവകാശ കമ്മിഷന്റെ കീഴിലുള്ള റേഡിയോ നെല്ലിക്ക വഴി കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും സംശയങ്ങൾ ചോദിക്കാനുമുള്ള അവസരമുണ്ടെന്നും കമ്മിഷൻ അംഗം പറഞ്ഞു.
കൗമാര പ്രായക്കാരായ കുട്ടികൾക്കുണ്ടാകുന്ന ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ നേരിടാൻ അവരെ പ്രാപ്തരാക്കുന്നതിനും സാമൂഹ്യമാധ്യമ സാക്ഷരത, സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ അവബോധം വളർത്തുന്നതിനുമാണ് പരിശീലനം ലക്ഷ്യമിടുന്നത്.
ജില്ലയിലെ 200ഓളം ഹൈസ്കൂൾ അധ്യാപകർ പരിശീലനത്തില്‍ പങ്കെടുത്തു. ഇവരിലൂടെ സ്കൂളിലെ മറ്റ് അധ്യാപകരിലേക്കും ഹൈസ്കൂൾ വിദ്യാർഥികളിലേക്കും ബോധവത്ക്കരണമെത്തിക്കുകയാണ് കമ്മിഷൻ ലക്ഷ്യമിടുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം പി ജീവ അധ്യക്ഷയായി.






