ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും വിവിധ വിഷയങ്ങളിലുള്ള പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത്, ആലപ്പുഴ നഗരസഭ വരണാധികാരികൾ, ഉപ-വരണാധികാരികൾ, തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി എന്നീ ബ്ലോക്കുകളിലെയും അവയ്ക്ക് കീഴിൽ വരുന്ന പഞ്ചായത്തുകളിലെയും വരണാധികാരികൾ, ഉപ-വരണാധികാരികൾ, ജില്ലാതല ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പരിശീലനത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ് ബിജു അധ്യക്ഷനായി.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ’ എന്ന വിഷയത്തിൽ എൽഎസ്ജിഡി ഇന്ത്യൻ വിജിലൻസ് ഓഫീസർ പി പി ഉദയസിംഹൻ, എൽഎസ്ജിഡി ജൂനിയർ സൂപ്രണ്ട് എം ഡി കരൺ എന്നിവർ പരിശീലനം നൽകി. എൽഎസ്ജിഡി സീനിയർ സൂപ്രണ്ട് ബിനു ഗോപാൽ മാതൃക പെരുമാറ്റച്ചാട്ടം, ഹെഡ് ക്ലർക്ക് എം എസ് നിയാസ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, എൽഎസ്ജിഡി ടെക്നിക്കൽ അസിസ്റ്റൻ്റ് ദീപു കൃഷ്ണൻ ഐടി ആപ്ലിക്കേഷൻസ് എന്നിവയിൽ പരിശീലനം നല്‍കി.






