തിരുവല്ല: ഭഗവത്കഥകള്‍ അനുഭവിച്ചറിയണമെന്ന് ഭാഗവതാചാര്യന്‍ ഇളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ. ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കണം. ഓരോ വിഷയങ്ങളും ആഴത്തിലറിയാന്‍ സാധിക്കണം. ഇങ്ങനെ സാധിച്ചവര്‍ക്ക് മാത്രമാണ് നല്ലൊരു വക്താവും ശ്രോതാവും ആകാന്‍ സാധിക്കു. തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടക്കുന്ന അഖിലഭാരത ഭാഗവത സത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഗവതം മുന്നോട്ട് വെയ്ക്കുന്ന തത്വം ബൗധികമായിതന്നെ ഉള്‍കൊള്ളാന്‍ സാധിക്കണം, മുക്തിക്ക് വേണ്ടിയുള്ള ലക്ഷ്യമാകണം ഭാഗവത ഉപാസന.
സംസാര ദുഖത്തില്‍ നിന്ന് രക്ഷപെടാനുള്ള ഒരേയൊരു മാര്‍ഗം ഇതുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.തുടക്കം മുതല്‍ ഒടുക്കം വരെ ഈ ഓര്‍മപ്പെടുത്തലാണ് ഭാഗവതം നിര്‍വഹിക്കുന്നതെന്നും, ലോകത്തില്‍ എല്ലാ വസ്തുക്കളും ദുഖത്തിന് കാരണമാണ്. ഈ സംസാര സാഗരംതന്നെ ദുഖത്തിന് വേണ്ടിയുള്ളതാണ്. ജീവിതത്തിന്റെ കണക്ക് പുസ്തകത്തില്‍ ഏറിനില്‍ക്കുന്നത് ദുഖംമാത്രമാണ്. എന്നാല്‍ ഇതില്‍ നിന്നുള്ള മോചനം ഭഗവാനെയും ഭാഗവതത്തെയും അടുത്തറിയുക എന്നത് മാത്രമാണെന്നും പ്രഭാഷണത്തിൽ അദ്ദേഹം വിശദീകരിച്ചു