കാസർകോഡ് : ബിൽ അടയ്‌ക്കാത്തതിന് വീട്ടിലെ കണക‍്ഷൻ കെഎസ്ഇബി വിച്ഛേദിച്ചതിന്റെ പ്രതികാരമായി യുവാവ് നഗരത്തിലെ 50 ട്രാൻസ്‌ഫോമറുകളിലെ ഫ്യൂസുകൾ തകർത്തു. കാസർകോട് ടൗൺ, നെല്ലിക്കുന്ന് സെക്‌ഷൻ പരിധിയിലുള്ള തളങ്കര ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ട്രാൻസ്‌ഫോമറുകളിലെ ഫ്യൂസുകളാണ് യുവാവ് തകർത്തത്. ഇതോടെ ഇന്നലെ രാത്രി കാസർകോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും ഏകദേശം രണ്ട് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടു. കെഎസ്ഇബിയുടെ പരാതിയിൽ കുഡ്‍ലു ചൂരി കാള്യയങ്കോട്ടെ യുവാവിനെ പൊലീസ് പിടികൂടി .
22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബിൽ.പണം അടയ്ക്കേണ്ട അവസാന തീയതി കഴിഞ്ഞിട്ടും അടക്കാത്തതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാർ യുവാവിന്റെ വീട്ടിലെ കണക്ഷൻ തൂണിൽ നിന്ന് വിച്ഛേദിച്ചു. ഇതോടെ നെല്ലിക്കുന്ന് സെക്‌ഷൻ ഓഫീസിൽ എത്തിയ യുവാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബഹളമുണ്ടാക്കി .ഇതിന് ശേഷമാണ് ഇയാൾ ട്രാൻസ്‌ഫോമറുകളിലെ ഫ്യൂസുകൾ തകർത്തത് .






