തിരുവനന്തപുരം : കിഫ്‌ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്‌ബി സിഇഒ ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.ഫെമ ചട്ടം ലംഘിച്ചെന്നും വിദേശ വാണിജ്യ വായ്പ ദുരുപയോഗം ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നോട്ടീസ് നൽകിയിരിക്കുന്നത് .
മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ഫെമ ചട്ടലംഘനമെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 2019ൽ 9.72 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി 2,150 കോടിയാണ് കിഫ്ബി സമാഹരിച്ചത് .മൂന്ന് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഡൽഹി കേന്ദ്രമായുള്ള ഇഡിയുടെ അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റി നോട്ടീസ് അയച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടുതവണ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകിയിരുന്നു.






