തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർട്ടിയും അതിജീവിതയ്‌ക്കൊപ്പം നിൽക്കുമെന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കേസിൽ അതിജീവിതയുടെ പോരാട്ടത്തിന് സർക്കാർ തുടക്കം മുതൽ പിന്തുണ നൽകിയിട്ടുണ്ടെന്നും തുടർന്നും അതേ നിലപാട് തുടരുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിചാരണാകോടതിയുടെ പൂർണ്ണ വിധി പഠിച്ചശേഷം ആവശ്യമായ നീക്കങ്ങൾ സർക്കാർ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയടക്കം മുഴുവൻ സർക്കാരും കേസിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നടൻ ദിലീപിനെ ഉൾപ്പെടെ ചില പ്രതികളെ വെറുതെ വിട്ടപ്പോൾ, ആറുപേരെ എല്ലാ കുറ്റവിഭാഗങ്ങളിലും കുറ്റക്കാരെന്നു കോടതി കണ്ടെത്തി. കുറ്റക്കാരായതായി വിധിച്ചവർ:
പൾസർ സുനി (ഒന്നാം പ്രതി), മാർട്ടിൻ ആന്റണി (രണ്ടാം പ്രതി), ബി. മണികണ്ഠൻ (മൂന്നാം പ്രതി), വി.പി. വിജീഷ് (നാലാം പ്രതി), എച്ച്. സലിം (അഞ്ചാം പ്രതി), പ്രദീപ് (ആറാം പ്രതി). ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്.






