തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഐ ടി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ റോഡ് സുരക്ഷ, ഫിറ്റ്നെസ് എന്നിവയെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുവാനായി 100 കിലോമീറ്റർ സൈക്കിൾ റാലി സംഘടിപ്പിച്ചു.
ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ കൂടി ഭാഗമായി ബീഫിറ്റ് 100 K സൈക്ലോത്തോൺ എന്ന പേരിൽ നടന്ന സൈക്കിൾ റാലിയിൽ സംസ്ഥാന മോട്ടോർ വാഹന വിഭാഗത്തിന്റെയും നാഷണൽ റിസർച്ച് സെൻറർ ഫോർ നോൺ കമ്മ്യൂണിക്കബിൾ ഡിസീസസ്സ് ( എൻ ആർ സി എൻ സി സി) ൻ്റെയും സഹകരണത്തിലാണ് നടത്തിയത്. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചഗിലം ഐ പി എസ് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിൽ സൈക്ലിസ്റ്റുകൾക്ക് ആശംസകൾ നേർന്നു.
എൻ ആർ സി എൻ സി ഡി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ ഇടയാറൻമുള റോഡ് സുരക്ഷാ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ബിലീവേഴ്സ് ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റോസി മാർസൽ, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ ദീപക്ക് അരവിന്ദ്, ഐ ടി വിഭാഗം മേധാവി ജോമോൻ മാത്യു, ബ്രിഗേഡിയർ ലോകനാഥൻ കെ എന്നിവർ നേതൃത്വം നൽകി.
സൈക്കിൾ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ഐപിഎസ് കുറച്ചു ദൂരം സ്വന്തം സൈക്കിൾ ചവിട്ടി റാലിയുടെ ഭാഗമായി. 225 സൈക്ലിസ്റ്റുകൾ പങ്കെടുത്ത റാലി രാവിലെ 5 മണിക്ക് ബിലീവേഴ്സ് ആശുപത്രിയിൽ നിന്നും ആരംഭിച്ച് മുത്തൂരെത്തി എം സി റോഡ് വഴി നാട്ടകം സിമൻറ് കവല, കുമരകം തണ്ണീർമുക്കം ആലപ്പുഴ ചങ്ങനാശ്ശേരി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് 11 മണിയോടുകൂടി ബിലീവേഴ്സ് ആശുപത്രി അങ്കണത്തിൽ തിരിച്ചെത്തി.
സൈക്ലിംഗുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ,രണ്ട് എമർജൻസി ഡോക്ടർമാരുള്ള ഒരു ടൂവീലർ ആംബുലൻസ്, നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുൾപ്പെട്ട D – Level ആംബലുൻസ്, രണ്ട് സപ്പോർട്ട് വാഹനങ്ങൾ , നാല് ഹൈഡ്രേഷൻ പോയിൻ്റുകൾ എന്നിങ്ങനെ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
മുപ്പതോളം മെഡിക്കൽ ഡോക്ടർമാരും ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരും പൊതുജനങ്ങളും റാലിയിൽ പങ്കെടുത്തു. റാലി പൂർത്തിയാക്കിയ സൈക്ലിസ്റ്റുകൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.






