തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപിക്ക് പിഴ ചുമത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി. റവന്യു ഓഫിസര്‍ ജി ഷൈനിയെ കൗണ്‍സില്‍ സെക്രട്ടറി ആയിട്ടാണ് മാറ്റി നിയമിച്ചത്.
നിലവില്‍ കൗണ്‍സില്‍ സെക്രട്ടറിയായ പി അനില്‍ കുമാര്‍ ആണ് പുതിയ റവന്യു ഓഫിസര്‍. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 19.97 ലക്ഷം രൂപയാണ് റവന്യൂ ഓഫീസര്‍ പിഴ ചുമത്തിയിരുന്നത്. റവന്യു ഓഫിസര്‍ തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോര്‍പറേഷന്‍ സെക്രട്ടറി പിഴ നോട്ടീസ് തയാറാക്കുന്നത്.
ചട്ടം മറികടന്ന് 23 വര്‍ഷമായി ഒരു സ്ഥലത്ത് ജോലി ചെയ്യുകയാണെന്ന്, ബിജെപി നേരത്തെ ആരോപിച്ചിരുന്ന ഇടത് യൂണിയന്‍ നേതാവായ റവന്യു ഇന്‍സ്‌പെക്ടര്‍ പി.സുരേഷ് കുമാറിനെ ആറ്റിപ്ര സോണല്‍ ഓഫിസിലേക്ക് സ്ഥലംമാറ്റി. പൊതുഭരണ വിഭാഗം സൂപ്രണ്ട് ആര്‍ സി രാജേഷ് കുമാറിനെ തിരുവല്ലം സോണല്‍ ഓഫിസിലേക്ക് മാറ്റിയിട്ടുണ്ട്.






