കോഴഞ്ചേരി: ആറന്മുള സത്രക്കടവിന് സമീപമുള്ള വീര ജവാൻ സ്മാരകത്തിൽ പുഷ്പാർച്ചന ചെയ്ത് വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ സ്മരണകൾക്ക് പ്രണാമമർപ്പിച്ച് തിങ്കളാഴ്ച എൻ ഡി എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. തുടർന്ന് ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലെത്തി മുത്താരമ്മൻ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി പത്തനംതിട്ട ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചും പൊതു ജനങ്ങളോടും വോട്ടഭ്യർത്ഥിച്ചു.
സാമൂഹ്യ പ്രവർത്തകയും റിട്ടയേർഡ് അധ്യാപികയുമായ ഡോ. എം. എസ് സുനിലിൻ്റെ വസതിയിലെത്തി പിന്തുണ തേടി. 400 ഓളം ഭവനരഹിതർക്ക് വീട് വെച്ച് നല്കിയ സുനിൽ ടീച്ചറിനെ കുമ്മനം ആദരിച്ചു. പ്രശസ്ത ത്വക് രോഗ വിദഗ്ധൻ ഡോക്ടർ ഗോപകുമാറിനേയും അദ്ദേഹത്തിൻ്റെ വസതിയിലെത്തി സന്ദർശിച്ചു.
തുടർന്ന് അഴൂർ, കൊടുന്തറ പ്രദേശങ്ങളിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് വഞ്ചിത്ര മാർ ബസ് ഹാനനിയ ഓർത്തഡോക്സ് സിറിയൻ ചർച്ചിലെത്തി കോഴഞ്ചേരി കുരങ്ങുമല സ്വദേശിയായ തങ്കമ്മ ജോർജിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് വിശ്രമസ്ഥലത്തെത്തി കുളി കഴിഞ്ഞ് പുന്നംതോട്ടത്തിൽ ക്ഷേത്രത്തിലെത്തി അന്നദാന ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഉച്ചയ്ക്ക് ശേഷം മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ പര്യടനത്തിനിറങ്ങിയ കുമ്മനത്തെ അയൽക്കാരനായ കുടുംബ സുഹൃത്തിനെ പോലെ പരിചിതഭാവത്തോടെ സ്ത്രീകളടക്കമുള്ള ആൾക്കാർ സ്വീകരിച്ചു.
പൈതൃക ഭൂമി സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ തങ്ങൾക്കൊപ്പം നിലകൊണ്ട ജനനായകനെ ഹൃദയം കൊണ്ട് സ്വീകരിച്ചവരോട് കുമ്മനത്തിന് പറയാൻ ഒരു വാക്ക് മാത്രം ആദ്യം നിങ്ങളുടെ മനസിൽ താമര വിരിയണം പിന്നീട് ആറന്മുളയിൽ താമര വിരിയാനായി പ്രവർത്തിക്കണം.
ജനങ്ങളുടെ ഉറപ്പ് നേടി അടുത്ത കുടുംബയോഗ സ്ഥലത്തേക്ക് നീങ്ങുമ്പോൾ അരികിലേക്ക് ഓടിയെത്തുന്ന ജൻസി തലമുറകളെ ഒപ്പമുള്ള രക്ഷകർത്താക്കൾ രാജേട്ടൻ ഒക്കത്തെടുത്തവരാണെന്ന് പരിചയപ്പെടുത്തുമ്പോൾ വെളിവായത് കുമ്മനത്തിന് ആറന്മുളയുമായുള്ള ബന്ധത്തിൻ്റെ ഇഴയടുപ്പമായിരുന്നു.
കുമ്മനത്തിനൊപ്പമുള്ള സാമൂഹ്യ പ്രവർത്തകനും ബി ജെ പി മുൻ ജില്ലാ വൈസ് പ്രസിഡൻ്റുമായ അജയകുമാർ വല്ലുഴത്തിലും ബി ജെ പി ആറന്മുള മണ്ഡലം ജനറൽ സെക്രട്ടറി സുനീഷ് കോഴഞ്ചേരി , ബിജെപി മല്ലപ്പുഴശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വിജയൻ നായർ എന്നിവർ ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും പ്രാദേശിക വികസന മുരടിപ്പും പ്രതിപാദിച്ച് ആമുഖ പ്രസംഗം നടത്തി.
മല്ലപ്പുഴശ്ശേരിയിൽ നടന്ന കുടുംബയോഗങ്ങൾക്ക് ബിജെപി ആറന്മുള മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.എസ് സുരേഷ്, മഹിളാ മോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് ലേഖാ വിനോദ് ,പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. ആർ പ്രസാദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനീഷ് എസ്, ശ്രീരാജ് ജി തുടങ്ങിയവർ നേതൃത്വം നല്കി.






