ആലപ്പുഴ: സപ്ലേകോയ്‌ക്കെതിരെ എപ്പോഴും മോശപ്പെട്ട വാർത്തകളാണ് വരുന്നതെന്നും യഥാർഥത്തിൽ പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിർത്തുന്നതിൽ സപ്ലേകോ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. പുന്നപ്ര മാർക്കറ്റിന് തെക്കുവശം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റ് പുന്നപ്ര മാർക്കറ്റിന് വടക്കു കിഴക്കു വശം സ്ഥിതിചെയ്യുന്ന നന്ദനം ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചതിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ സപ്ലേകോയുടെ സേവനപരിധി വർധിപ്പിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. ഈ സർക്കാർ വന്ന ശേഷം 90 പുതിയ കടകൾ ആരംഭിച്ചു. അടുത്ത ദിവസങ്ങളിൽ 10 എണ്ണം കൂടി തുടങ്ങും. റേഷൻ കടകളിൽ ഒന്നും ഇല്ലെന്നും ആരും അവിടെ പോകുന്നില്ലെന്നുമാണ് പലരും പടർത്തുന്ന വാർത്ത.
എന്നാൽ കേരളത്തിൽ മാത്രമാണ് ബി.പി.എൽ കുടുംബം അല്ലാത്തവർക്കും സബ്‌സിഡി സാധനങ്ങൾ നൽകുന്നത്. ഈ മാസം ഇന്നേ വരെ (ചൊവ്വാഴ്ച) 11 മണി വരെ കേരളത്തിലെ 36.14 ലക്ഷം പേർ റേഷൻ വാങ്ങിയതായി മന്ത്രി പറഞ്ഞു. കൂടുതൽ വിശാലമായ സൗകര്യങ്ങളോടെയാണ് പുതിയ സൂപ്പർമാർക്കറ്റ് ആരംഭിച്ചിട്ടുള്ളത്. ഉപയോഗ ശൂന്യമായ അരി ഏതെങ്കിലും കാരണവശാൽ റേഷൻ കടകളിലെത്തിയാൽ അത് തിരിച്ചെടുത്ത് പുതിയത് നൽകാൻ കർശന നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
അമ്പലപ്പുഴ എം.എൽ.എ. എച്ച്.സലാം അധ്യക്ഷത വഹിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് ആദ്യ വിൽപ്പന നിർവഹിച്ചു.