പമ്പ : പമ്പാനദിയിൽ ചാടിയ മാനസിക വിഭ്രാന്തിയുള്ള യുവാവിനെ അഗ്നിശമന സേനാ യൂണിറ്റിലെ ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി. പമ്പാ ത്രിവേണിയ്ക്ക് സമീപം ഇന്ന് രാവിലെ ആയിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്ന് ശബരിമല ദർശനത്തിനെത്തിയ തിരുനെൽവേലി നാദാപുരം ദിശയാൻ വിളയിൽ വന്യദാസ് (33) ആണ് നദിയിലേക്ക് ചാടിയത്.
ഒഴുക്കിൽപ്പെട്ട ഇയാളെ ചെറിയ പാലം കടവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയർ ഓഫീസർ ഏബ്രഹാം റിനു വർഗീസ് നദിയിലേക്ക് ചാടി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇത് കണ്ട മറ്റൊരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ വിനീതിൻ്റെ നേതൃത്വത്തിൽ മറ്റു ഭക്തരും ചേർന്ന് കരയ്ക്കെത്തിച്ചു. യുവാവിനെ പമ്പ ആശുപത്രിയിലേക്ക് മാറ്റി .