ന്യൂ ഡൽഹി : കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന മയക്കുമരുന്ന് ഏകോപന കേന്ദ്രത്തിന്റെ (NCORD) ഏഴാം ഉന്നതതല യോഗത്തിൽ ദേശീയ മയക്കുമരുന്നു ഹെൽപ്പ് ലൈൻ ‘മാനസി’ന് (മാദക് പദാർഥ് നിഷേധ് ആസൂചനാ കേന്ദ്ര്) തുടക്കംകുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരായ പോരാട്ടം അതീവ ഗൗരവത്തോടെയാണു നടക്കുന്നതെന്നും യജ്ഞമായി അതു മുന്നോട്ടുകൊണ്ടുപോകുന്നതിൽ നമ്മൾ വിജയിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടം വളരെ പ്രധാനപ്പെട്ടതാണെന്നും അതു ഗൗരവത്തോടെ കാണണമെന്നും മുൻഗണന നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാനസിന് 1933 എന്ന ടോള്‍ ഫ്രീ നമ്പറും ഒരു വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും ഉമാംഗ് ആപ്പും ഉണ്ടായിരിക്കും, അതുവഴി പൗരൻമാർക്ക് മയക്കുമരുന്നിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍, സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ എന്‍സിബിയുമായി 24 മണിക്കൂറും ബന്ധപ്പെടാനാകും. മയക്കുമരുന്ന് ദുരുപയോഗം, ഡീ-അഡിക്ഷന്‍, പുനരധിവാസം തുടങ്ങിയ അവരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളോ കച്ചവടം ,കടത്ത് അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട കൂടിയാലോചന എന്നിങ്ങനെ ഏതു വിവരവും ഇതുവഴി പങ്കുവയ്ക്കാം.