2024-25 വാര്‍ഷികപദ്ധതിതുക വാര്‍ഡുകള്‍ക്ക് ഒരുപോലെ വീതിക്കാതെ 4, 13 വാര്‍ഡുകളില്‍ യഥാക്രമം 33 ലക്ഷം, 20 ലക്ഷം എന്നീ ക്രമത്തില്‍ അധികത്തില്‍ വകമാറ്റിയതിനെതിരെയാണ് അഡ്വ. തോമസ് എബ്രഹാം മുഖാന്തിരം കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഈ മാസം 7ന് കേസ് പരിഗണിക്കും. അധികത്തില്‍ തുക നല്കിയ 4, 13 വാര്‍ഡുകളില്‍ നാലാം വാര്‍ഡിനെ എല്‍ഡിഎഫിലെ തന്നെ ഒരു ഘടകകക്ഷി അംഗവും 13-ാം വാര്‍ഡിനെ ബിജെപി അംഗവുമാണ് പ്രതിനിധീകരിക്കുന്നത്. ഇവരെയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്
തിരുവനന്തപുരം ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് മറ്റ് കക്ഷികള്‍.കഴിഞ്ഞ കുറെ നാളുകളായി പഞ്ചായത്ത് ഭരണസമിതിയിലും പ്രാദേശികമായി സിപിഎമ്മിലും ഉണ്ടായിട്ടുള്ള ചേരിപ്പോരും വിഭാഗീയതയും ഇതോടുകൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ്. എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ സിപിഎം പഞ്ചായത്ത് അംഗം തന്നെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത് സിപിഎമ്മിനെ വെട്ടിലാക്കി.
13 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫ് 3, എല്‍ഡിഎഫ് 7, ബിജെപി 2, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് കക്ഷിനില. റോയി ഫിലിപ്പ്, സാലി ഫിലിപ്പ് എന്നിവര്‍ യുഡിഎഫ് പാളയത്തില്‍ നിന്ന് എല്‍ഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു.
തുടര്‍ന്ന് റോയി ഫിലിപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആകുകയുമായിരുന്നു. ഇങ്ങനെയാണ് എല്‍ഡിഎഫിന്റെ അംഗസംഖ്യ 7 ആയി ഉയര്‍ന്നത്.
ഭരണസമിതിക്കെതിരെ കേസ് ഫയല്‍ ചെയ്ത സോണി കൊച്ചുതുണ്ടിയില്‍ കഴിഞ്ഞ മൂന്നുതവണ തുടര്‍ച്ചയായി സിപിഎം ചിഹ്നത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗവും വര്‍ഷങ്ങളായി സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമാണ്. യുഡിഎഫ് രാഷ്ട്രീയമായി ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധധര്‍ണ്ണ കെപിസിസി സെക്രട്ടറി എന്‍. ഷൈലാജ് ഉദ്ഘാടനം ചെയ്തു
പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അഴിമതി നടത്തുന്നതിനുവേണ്ടിയാണ് സിപിഎമ്മിലെ ഒരു വിഭാഗം തുക മാറ്റിയിരിക്കുന്നതെന്നും സിപിഎമ്മിലെ ജീര്‍ണ്ണത ഇതോടുകൂടി പുറത്തുവന്നിരിക്കുകയാണെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന്‍ പുതുപ്പറമ്പില്‍ പറഞ്ഞു.