അടൂർ: മങ്ങാട് ഗണപതി ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് ചക്കാലയിൽ വീട്ടിൽ നൗഷാദ് (32) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
2023 നവംബർ 13നാണ് മോഷണം നടന്നത്. തിടപ്പള്ളിയുടെ പൂട്ട് തകർത്ത് കാണിക്കവഞ്ചി കുത്തിതുറന്ന് ആറായിരം രൂപയും, ക്ഷേത്രം മാനേജരുടെ മുറി കുത്തിതുറന്ന് നാലായിരം രൂപയും പതിനയ്യായിരം രൂപ വിലവരുന്ന മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. മുൻപ് മോഷണക്കേസിലും പോക്‌സോ കേസിലും ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് നൗഷാദ് എന്ന് പൊലീസ് പറഞ്ഞു.
അടൂർ എസ്എച്ച്ഒ ശ്യാം മുരളി, എസ്‌ഐമാരായ എം.മനീഷ്, സുനിൽകുമാർ, ആർ.രാധാകൃഷ്ണൻ, എസ്‌സിപിഒ മുജീബ്, സിപിഒ ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടി കൂടിയത്.