തിരുവല്ല : എം സി റോഡിൽ ഇടിഞ്ഞില്ലം പ്ലാവിൻ ചുവടിന് സമീപം ടിപ്പർ ലോറിയും കാറുകളും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. സ്വിഫ്റ്റ് കാർ ഡ്രൈവർ തൃശ്ശൂർ ചാലക്കുടി മാർത്താലയ്ക്കൽ വീട്ടിൽ തങ്കപ്പൻ(60), ഭാര്യ ലളിത(54), ടിപ്പർ ലോറി ഡ്രൈവർ ചുമത്ര അമ്പനാട്ടുകുന്നിൽ വീട്ടിൽ അഭിലാഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.40 മണിയോടെ ആയിരുന്നു അപകടം.
ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും മെറ്റിൽ പൊടിയും കയറ്റി വന്ന ടിപ്പറും എതിർവശത്തുനിന്നും വന്ന സിഫ്റ്റ് കാറും കൂട്ടിയിടിക്കുകയായിരുന്നു. സ്വിഫ്റ്റ് കാറിന് പുറകെ വന്ന മറ്റൊരു കാർ സ്വിഫ്റ്റിന് പിന്നിൽ ഇടിച്ചു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൂവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ സ്വിഫ്റ്റ് കാറിൽ സഞ്ചരിച്ച ഒരാളുടെ നില ഗുരുതരമാണ്. തിരുവല്ല പോലീസും അഗ്നിശമനസേനയും എത്തിയാണ് വാഹനം സ്ഥലത്ത് നിന്നും നീക്കിയത്. റോഡിൽ കുറുകെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി വശത്തേക്ക് മാറ്റി. അപകടത്തെ തുടർന്ന് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.






