പത്തനംതിട്ട: ഫ്ലക്സ് ബോർഡുകൾ അച്ചടിക്കുന്ന സ്ഥാപനത്തിന്റെ വിലാസം ഇനി മുതൽ ബോർഡുകളിൽ നിർബന്ധമായും രേഖപ്പെടുത്തണമെന്ന നിർദേശവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. ഫ്ലക്സ് ബോർഡുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുമ്പോൾ ബന്ധപ്പെട്ട സ്ഥാപനങ്ങളെ തിരിച്ചറിയുന്നതിനും നടപടി സഹായകമാകും.
പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡുകളും ബാനറുകളും സംബന്ധിച്ച് വിവിധയിടങ്ങളിൽ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരം നിയന്ത്രണങ്ങൾ സർക്കാർ കൊണ്ടുവന്നത്. അനുമതിയില്ലാതെ സ്ഥാപിക്കുന്ന ബോർഡുകൾ നീക്കം ചെയ്യുന്നതിനും ഉത്തരവാദികളിൽനിന്ന് പിഴ ഈടാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി നടപടികൾ ഇനി വേഗത്തിലാക്കാം.
ബോർഡുകൾ അച്ചടിച്ച സ്ഥാപനം ഏതാണെന്ന് വ്യക്തമാകുന്നതിലൂടെ നിയമവിരുദ്ധമായ പരസ്യങ്ങൾ സംബന്ധിച്ച പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഉത്തരവിലെ നിർദേശങ്ങൾ പ്രിന്റിങ് സ്ഥാപനങ്ങളും ബോർഡുകൾ സ്ഥാപിക്കുന്ന വ്യക്തികളും സംഘടനകളും കൃത്യമായി പാലിക്കേണ്ടിവരും.
പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകൾ നിയന്ത്രിക്കുന്നതിനൊപ്പം പരസ്യ സാമഗ്രികൾ സ്ഥാപിക്കുന്നതിലെ ഉത്തരവാദിത്വം ഉറപ്പാക്കുന്നതും തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന ചുമതലയാണ്. പുതിയ നിർദേശം നടപ്പാക്കുന്നതോടെ ഫ്ലക്സ് അച്ചടിയിലും പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിലും കൂടുതൽ നിയന്ത്രണം വരുമെന്നാണ് വിലയിരുത്തൽ.





