തിരുവല്ല: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. ബസുകൾ സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തെ ഒരു ചെറിയ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റാൻഡിന് മുൻപിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് മുറിക്കുള്ളിൽ ഒരാൾ അനക്കമില്ലാതെ കിടക്കുന്നത് ആദ്യം ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തിരുവല്ല പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
മേൽ നടപടികൾക്ക് ശേഷം മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് തുടങ്ങി.






