ശബരിമല : ദർശനത്തിനു എത്തുന്ന അയ്യപ്പഭക്തന്മാർക്ക് ക്ഷേത്രത്തിലെ പ്രസാദമായ ഉണ്ണിയപ്പവും അരവണയും വാങ്ങുന്നതിനു ഇനി കൂടുതൽ സൗകര്യം. യു.പി.ഐ പേമെന്റ് നടത്തി നേരിട്ട് ഒരേ സമയം 5 ടിൻ അരവണ വെൻഡിങ് മെഷീനിൽ നിന്ന് വാങ്ങാം . മാളികപ്പുറത്തിന് സമീപമാണ് വെൻഡിങ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്.
അന്നദാന മണ്ഡപത്തിലും മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള വഴിയിലും സ്ഥാപിച്ചിരിക്കുന്ന കിയോസ്‌കുകൾ വഴി ഭക്തർക്ക് അപ്പം, അരവണ എന്നിവ യുപിഐ പേയ്‌മെന്റ് നടത്തിയ ശേഷം ആ രസീത് നിർദിഷ്ട കൗണ്ടറുകളിൽ കാണിച്ചു അരവണയും അപ്പവും വാങ്ങാവുന്നതാണ്. പ്രസാദ കൗണ്ടറിനു മുന്നിലെ തിരക്ക് കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കും.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ ആണ് വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ വെൻഡിങ് മെഷീനുകളുടെയും കിയോസ്‌കുകളുടെയും ഉദ്ഘാടനം നിർവഹിച്ചു.പുതിയ കാലഘട്ടത്തിലെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിലൂടെ ഭക്തർക്ക് സൗകര്യങ്ങളും തടസ രഹിതമായ ദർശനവും ഒരുക്കാൻ ബോർഡ് എക്കാലവും പ്രതിജ്ഞബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു .





