കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയില്‍ പാർട്ടി നേതൃത്വം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയുടെ പ്രതികരണത്തിലാണ് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് ഏറെ മാറ്റം വന്നിട്ടുണ്ട്. വികസന വിഷയങ്ങള്‍ ഊന്നിക്കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബിജെപിയോടുള്ള മനോഭാവത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നും അനൂപ് ആന്റണി പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 19 പഞ്ചായത്തുകളുടെയും രണ്ട് മുനിസിപ്പാലിറ്റികളിലും ബിജെപി ഭരണം നേടിയിരുന്നു. ഇത്തവണ പാര്‍ട്ടി വലിയ മുന്നേറ്റം നടത്തും. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളും നൂറുകണക്കിന് പഞ്ചായത്തുകളും നിരവധി മുനിസിപ്പാലിറ്റികളും എന്‍ഡിഎ ഭരിക്കും എന്നാണ് അനൂപിന്റെ പ്രതികരണം.
പുതിയൊരു ഭരണസങ്കല്‍പ്പമാണ് എന്‍ഡിഎ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ അഴിമതി മുക്തമാക്കുന്നതിന് ഒപ്പം ഇതുവരെ അറിയപ്പെടാത്ത കേന്ദ്ര പദ്ധതികളുടെ നേട്ടങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലും ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വികസന സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ചുള്ള വിവങ്ങള്‍ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെയും ബന്ധപ്പെടുന്ന വികസന രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കും. അനൂപ് ആന്റണി പറഞ്ഞു.






