തിരുവനന്തപുരം : ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് 2025-ലെ കോണ്‍സ്റ്റബിള്‍ (ട്രേഡ്‌സ്മാന്‍) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2025 ഓഗസ്റ്റ് 23 വരെ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.
ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പേ മെട്രിക്‌സ് ലെവല്‍-3 പ്രകാരം 21,700 രൂപ മുതല്‍ 69,100 രൂപ വരെ ശമ്പള സ്‌കെയിലിലുള്ള വിവിധ ട്രേഡുകളിലെ ഒഴിവുകള്‍ നികത്തുന്നതിനാണ് ഈ റിക്രൂട്ട്‌മെന്റ്.
ആകെയുള്ള 3,588 തസ്തികകളില്‍ 3,406 ഒഴിവുകള്‍ പുരുഷന്മാര്‍ക്കും 182 എണ്ണം സ്ത്രീകള്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു. ആകര്‍ഷകമായ ശമ്പളത്തിന് പുറമേ, തിരഞ്ഞെടുക്കപ്പെടുന്ന ബിഎസ്എഫ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നതുപോലെ റേഷന്‍ അലവന്‍സ്, വൈദ്യസഹായം, സൗജന്യ താമസം, ലീവ് പാസുകള്‍ തുടങ്ങിയ വിവിധ ആനുകൂല്യങ്ങളും ലഭിക്കും.
പ്രായം: 18-നും 25-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. SC, ST, OBC, മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവുകള്‍ ബാധകമാണ്.
ഓരോ ട്രേഡിനും വിദ്യാഭ്യാസ യോഗ്യത വ്യത്യസ്തമാണ്. കാര്‍പെന്റര്‍, പ്ലംബര്‍, പെയിന്റര്‍, ഇലക്ട്രീഷ്യന്‍, പമ്പ് ഓപ്പറേറ്റര്‍, അപ്‌ഹോള്‍സ്റ്റര്‍ തുടങ്ങിയ സാങ്കേതിക ട്രേഡുകള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും, അതോടൊപ്പം രണ്ടുവര്‍ഷത്തെ ഐടിഐ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ഒരു വര്‍ഷത്തെ ഐടിഐ സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം.