ന്യൂഡൽഹി: ടാറ്റാ കമ്മ്യൂണിക്കേഷൻസിന്‍റെ സഹായത്തോടെ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്‌എൻഎല്‍ രാജ്യവ്യാപകമായി ഇ-സിം സേവനം എത്തിക്കുന്നു. ഇത് ഫിസിക്കൽ സിം കാര്‍ഡിന്‍റെ ആവശ്യമില്ലാതെ തന്നെ സുരക്ഷിതമായി ക്യുആർ കോഡ് സ്‍കാൻ ചെയ്‌ത് ബിഎസ്എന്‍എല്ലിന്‍റെ മൊബൈൽ കണക്ഷനുകൾ ആക്‌ടീവാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
ഡ്യുവൽ സിം ഫോൺ ഉള്ള ആർക്കും, അല്ലെങ്കിൽ യാത്ര ചെയ്യുന്നവർക്കും പ്രാദേശിക നെറ്റ്‌വർക്കുകളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഇ-സിം സേവനം ഉപയോഗപ്രദമാണ്.
ടാറ്റാ കമ്മ്യൂണിക്കേഷൻസിന്‍റെ ജിഎസ്‌എംഎ അംഗീകൃത സബ്‌സ്‌ക്രിപ്‌ഷൻ മാനേജ്‌മെന്‍റ് പ്ലാറ്റ്‌ഫോമായ മൂവ് ആണ് ഇ-സിം സേവനങ്ങൾ നൽകുന്നത്. ടാറ്റ കമ്മ്യൂണിക്കേഷൻസ് കൊളാബറേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (ടിസിസിഎസ്‌പിഎൽ) വഴിയാണ് ഇത് വിതരണം ചെയ്യുന്നത്.
രാജ്യവ്യാപകമായി മൊബൈൽ ഉപയോക്തൃ അടിത്തറയ്ക്കായി ഇ-സിം പ്രൊവിഷനിംഗ് കൈകാര്യം ചെയ്യാൻ ഈ പ്ലാറ്റ്‌ഫോം ബിഎസ്‌എൻഎല്ലിനെ സഹായിക്കും. പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്‌എൻഎല്ലിനെ സംബന്ധിച്ച് ഇ-സിം സേവനങ്ങൾ ആരംഭിക്കുന്നത് ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ഫിസിക്കൽ സിം കാർഡുകള്‍ക്ക് പകരം 2ജി/3ജി/4ജി സേവനങ്ങൾ ബിഎസ്‌എൻഎല്ലിന്‍റെ ഇ-സിമ്മുകൾ വാഗ്‌ദാനം ചെയ്യുന്നു.






