കൊച്ചി : നടി ശ്വേത മേനോനെതിരെ കേസ്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്നാണ് കേസ്.മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. എറണാകുളം സിജെഎം കോടതിയുടെ നിർദേശ പ്രകാരം അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് സെൻട്രൽ പൊലീസ് കേസെടുത്തത്.
നടി അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യവും രതിനിർവേദം, പാലേരിമാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ശ്വേത പണം സമ്പാദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. നഗ്നത പ്രദർശിപ്പിച്ച് അഭിനയിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിൻമാറിയതോടെ പ്രസിഡന്‍റ് സ്ഥാനത്തക്ക് ശ്വേത മോനോൻ എത്താൻ സാധ്യത കൂടിയിരുന്നു. എന്നാൽ കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് നൽകിയ പത്രിക പിൻവലിച്ചതോടെ മത്സരം ശ്വേതയും ദേവനും തമ്മിലായി. ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു കേസ് പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്ന സംശയവും പുറത്തുവരുന്നുണ്ട്.