എടത്വ : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാലയുടെ വരവറിയിച്ച് നിലവറ ദീപം തെളിക്കൽ ഞായറാഴ്ച നടക്കും. ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾ വ്രതാനുഷ്‌ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവമത തീർഥാടന കേന്ദ്രമായ ചക്കുളത്തുകാവിൽ പൊങ്കാല ഡിസംബർ നാലിന് നടക്കും.
പുലർച്ചെ നാലിന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഒമ്പതിന് വിളിച്ചുചൊല്ലി പ്രാർഥനയും തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കെടാവിളക്കിലേക്ക് ദീപം പകരും.
തുടർന്ന് നടപന്തലിൽ പ്രത്യേകം തയാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അഗ്‌നി പകർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ക്ഷേത്രം കാര്യദർശി മണി കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും.
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പനീർ ശെൽവം ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്രം മേൽശാന്തി അശോകൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ട്രസ്‌റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും. 11 ന് അഞ്ഞൂറിലധികം വേദപണ്ഡിതൻമാരുടെ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനുശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് അഞ്ചിന് കുട്ടനാട് എം.എൽ.എ തോമസ്. കെ. തോമസിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ആമുഖ പ്രഭാഷണവും മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും. മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് വിശിഷ്‌ടാതിഥിയാരിക്കും. എടത്വാ സെയ്ന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ.ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, നെടുമ്പ്രം ചീഫ് ഇമാം അമാനുല്ലാഹ് സുഹ്‌രി എന്നിവർ മുഖ്യസന്ദേശം നൽകും.
ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കുകയും പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് ഐ.എ.എസ് കാർത്തിക സംഭത്തിൽ അഗ്നി പകരും.പൊങ്കാലയുടെ പ്രധാന ചടങ്ങായ കാർത്തിക സ്തംഭം
ക്ഷേത്രത്തിൽ ഉയർന്നു.പൊതുസമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്യും. മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും.






