തിരുവനന്തപുരം: ഗൾഫ് പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹറൈനിലേക്ക്. 17നാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം. ബഹറൈന് ശേഷം ഒമാനിലാണ് മുഖ്യമന്ത്രിയുടെ അടുത്ത സന്ദർശനം. സൗദി ഒഴികെ എല്ലാ ജിസിസി രാഷ്ട്രങ്ങളിലും മുഖ്യമന്ത്രി എത്തും.
ബഹറൈൻ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് ബഹറൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മലയാളം മിഷനും ലോകകേരള സഭയും ചേർന്നാണ് സംഘാടനം. ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ബഹറൈനിലെ സന്ദർശനം കഴിഞ്ഞാൽ 24നും 25നും ഒമാനിലും സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തറിലെത്തും. കുവൈത്തിൽ അടുത്ത മാസം 7നും യുഎഇയിൽ 9നും എത്തും. ഒമാനിൽ 26 വർഷങ്ങൾക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി എത്തുന്നത്. ഇന്ത്യൻ സോഷ്യൽ ക്ലബ് – കേരളാ വിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിവലിൽ മുഖ്യമന്ത്രി മുഖ്യഅതിഥി ആയിക്കും. മസ്‌കത്തിലെ അമിറാത്ത് പാർക്കിലാണ് പരിപാടി.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശത്തിൽ പ്രത്യക്ഷ രാഷ്ട്രീയ വിഷയങ്ങളുണ്ടാവില്ലെങ്കിലും തെരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടുള്ള ഒരുക്കമായി സന്ദർശനം മാറും.