പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിംഗ് കോളജ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ കമ്മിറ്റി നഴ്‌സിംഗ് കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കോളജിന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടന്ന കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഉൾപ്പടെയുള്ള നേതാക്കളും പ്രവർത്തകരും പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. അര മണിക്കൂറോളം പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി.
തുടർന്ന് കോളജിന്റെ മുഖ്യ കവാടത്തിന് മുന്നിലെത്തിയ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, മുൻ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, സംസ്ഥാന കൺവീനർ തൗഫീക്ക് രാജൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ലിനെറ്റ് മെറിൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പ്രവർത്തകർ ഗേറ്റ് ചാടി കടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവർത്തകരെ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്ത് നീക്കി.
അമ്മു സജീവിന്റെ മരണത്തിൽ കുറ്റക്കാരായ പ്രിൻസിപ്പൽ ഉൾപ്പടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നേതാക്കൾക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും നാളെ (വെള്ളി) ജില്ലയിൽ കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചുകളും സംഘടിപ്പിക്കും.