ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. നാല് പേർ മരിച്ചതായും 50 ഓളം പേരെ കാണാതായതായുമാണ് റിപ്പോർട്ട്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ കുന്നിൻ മുകളിൽ നിന്ന് കുത്തിയൊഴുകിവന്ന പ്രളയജലം വീടുകൾക്കു മുകളിലൂടെ കുതിച്ചൊഴുകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. സൈന്യവും കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ് .