എടത്വ : നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് എടത്വ സെന്റ് അലോഷ്യസ് കോളേജ് വിദ്യാർഥി മരിച്ചു. എടത്വ പാലക്കളം പാലത്തിന് സമീപം പുത്തൻ പുരയ്ക്കൽ ജോയി എബ്രഹാമിൻറെയും (ജോയിച്ചൻ) ലൈജുവിൻറെയും മകൻ പി.ജെ. ലിജുമോൻ (18) ആണ് മരിച്ചത്.
എടത്വ പട്ടത്താനം വീട്ടിൽ മെറിക് (18) അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ തലവടി വെള്ളക്കിണറിന് സമീപം ഇന്ന് പുലർച്ചെ 12.05 നാണ് അപകടം നടന്നത്.
തിരുവല്ല ഭാഗത്തു നിന്ന് എടത്വയിലേയ്ക്ക് വന്ന ബൈക്ക് നീയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ലിജുമോൻ സംഭവ സ്ഥലത്തു വെച്ച് മരിച്ചു. മെറികിനെ അതുവഴി കടന്ന് വന്ന യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇരുവരും ഒന്നാം വർഷ കോളേജ് വിദ്യാർഥികളാണ്. ലിജുമോൻ എടത്വ സെന്റ് അലോഷ്യസ് കോളേജിൽ ഒന്നാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർത്ഥിയാണ്, ഏക സഹോദരൻ – ലിജോമോൻ (ദുബായ്). സംസ്കാരം പിന്നീട്.