പത്തനംതിട്ട : സംസ്ഥാനത്തെ ആദ്യ സ്വകാര്യ ജല വൈദ്യുത പദ്ധതിയായ മണിയാർ ജല വൈദ്യുത പദ്ധതി വീണ്ടും സ്വകാര്യ കമ്പനിയെ എൽപ്പിക്കാൻ നീക്കം നടക്കുന്നതായി ആരോപിച്ച് കെ എസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ രംഗത്ത് എത്തി. ഉടമസ്ഥത സ്വകാര്യ കമ്പനിക്ക് വീണ്ടും നൽകാൻ നീക്കം നടക്കുന്നതായാണ് ആക്ഷേപം. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിച്ചാൽ പാട്ടക്കാലാവധി കഴിയുന്ന മറ്റ് ജലവൈദ്യുതപദ്ധതികളിലും സ്വകാര്യ കമ്പനികൾ അവകാശവാദം ഉന്നയിച്ചേക്കുമെന്നും ആശങ്ക.
1990 ലാണ് സ്വകാര്യ സംരംഭകർക്ക് ജലവൈദ്യത പദ്ധതികൾ ആരംഭിക്കാൻ അനുവാദം നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ആദ്യമായി കാർബോറാണ്ടം യൂണിവേഴ്സൽ എന്ന കമ്പനിക്ക് മണിയാറിൽ ഡാം നിർമ്മിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ അനുവാദം നൽകി. 30 വർഷത്തേക്ക് കമ്പനിക്ക് ഇവിടെ വൈദ്യുതി ഉത്പ്പാദിപ്പിക്കാമെന്നും പിന്നീട് ഡാമും വൈദ്യുത പദ്ധതിയും കെ എസ് ഇ ബിക്ക് കൈമാറണമെന്നുമായിരുന്നു കരാർ. ഇതിൻ പ്രകാരം നാല് മെഗാവാട്ട് ശേഷിയുള്ള മൂന്ന് യൂണിറ്റുകൾ സ്ഥാപിച്ച് കമ്പനി 1994 ൽ തന്നെ വൈദ്യുത ഉത്പ്പാദനം ആരംഭിച്ചിരുന്നെങ്കിലും 1995 ജൂണിൽ ആണ് ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്.
ഇവിടെ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ് ഇ ബിക്ക് നല്ല വിലക്ക് വിറ്റ് പകരം കൊച്ചിയിലുള്ള കമ്പനിയുടെ ഫാക്ടറികളിലേക്ക് വൈദ്യുതി വാങ്ങുകയാണ് ചെയ്തിരുന്നത്. 22 കോടി രുപ പ്രോജക്ട് ചെലവ് വന്ന മണിയാർ ജലവൈദ്യുത പദ്ധതിയിൽ നിന്നും ഇപ്പോൾ പ്രതിവർഷം 20 കോടിയിലധികം രൂപയുടെ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നുണ്ട്. കരാർ പ്രകാരം 2025 ജൂണിൽ കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനി വൈദ്യുത നിലയം കെ എസ് ഇ ബിക്ക് കൈമാറണം.
എന്നാൽ കരാർ ദീർഘിപ്പിച്ച് കിട്ടാനുള്ള അപേക്ഷയുമായി കമ്പനി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഈ അപേക്ഷയിൽ വ്യവസായ ഊർജ്ജ വകുപ്പുകളും കെ എസ് ഇ ബിയും അനുകൂല നടപടികൾക്കായുള്ള നീക്കങ്ങൾ നടക്കുന്നതായി കെ എസ് ഈ ബി പെൻഷനേഴ്സ് അസോസിയെഷൻ ഭാരവാഹികൾ ആരോപിച്ചു. കുറഞ്ഞ വിലക്കുള്ള വൈദ്യുതിയുടെ ദീർഘകാല കരാറുകൾ ഭവിഷ്യത്തുകൾ കണക്കിലെടുക്കാതെ റദ്ദ് ചെയ്തതും ഊർജ്ജോത്പ്പാദന രംഗത്തെ അലംഭാവവുമാണ് കെ എസ് ഇ ബി നേരിടുന്ന പ്രതിസന്ധികൾക്ക് കാരണം. മൂഴിയാറിൽ നിസ്സാര തകരാറിൻ്റെ പേരിൽ ഒരു ജനറേറ്റർ 4 വർഷക്കാലം പ്രവർത്തിപ്പിക്കാതിരുന്നതും കെ എസ് ഇ ബിയുടെ അനാസ്ഥക്ക് ഉദാഹരണമായി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
പ്രതിഷേധ യോഗം കെ പി കെ ടെക്നിക്കൽ സെൽ കൺവീനർ മുഹമ്മദാലി റാവുത്തർ ഉദ്ഘാടനം ചെയ്തു. കെ വി കെ സംസ്ഥാന പ്രസിഡൻ്റ് ജയിംസ് എം ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. വി. പി. രാധാകൃഷ്ണൻ മാസ്റ്റർ, എ. വി. വിമൽ ചന്ദ്, ആർ. അനിൽ കുമാർ, ഷേർലി ജി, കെ. മോഹൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.