പത്തനംതിട്ട : ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം നൽകി 3.45 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ 6 പേരെ പത്തനംതിട്ട സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് താമസിക്കുന്ന കോഴഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
പണം സ്വീകരിച്ച അക്കൗണ്ട് ഉടമകളാണ് പ്രതികളായ 6 പേരെന്നും പൊലീസ് പറഞ്ഞു.
സുൽത്താൻ ബത്തേരി മാനാട്ട് വീട്ടിൽ സിറാജുദീൻ (28), പാലക്കാട് കുമ്പിടി ചിറക്ക പറമ്പിൽ ആഷിദ് (23), മലപ്പുറം ചേലാമ്പ്ര കോലിപ്പുറത്ത് മുസ്താഖ് (21), പാലക്കാട് കുമ്പിടി വാഴത്തോപ്പ് വളപ്പിൽ ആദിത്യ സുരേഷ് (22), പെരിന്തൽമണ്ണ അരക്കാപറമ്പ് തൊട്ടിയിൽ വീട്ടിൽ മഹേഷ് (41), മലപ്പുറം കാഞ്ഞിരമുക്ക് ഒന്നിക്കാട്ട് വളപ്പിൽ പ്രജീഷ് (40) എന്നിവരെയാണ് സൈബർ പൊലീസ് ഇൻസ്പെക്ടർ ജോബിൻ ജോർജ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരനെ ഇന്റർനെറ്റ് മുഖേന ബന്ധപ്പെട്ട് ഷെയർ മാർക്കറ്റിൽ നിന്ന് വലിയ ലാഭം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇത്രയും വലിയ തുക പലപ്പോഴായി തട്ടിയെടുത്തത്. പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടിൽ നിന്ന് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആണ് പ്രതികൾ പണം അയപ്പിച്ചത്. തട്ടിപ്പിന് പിന്നിൽ വൻ സംഘം ഉണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു